ഭാഗവത് രണ്ടാം ഹിറ്റ്ലര്‍: ദിഗ്‌വിജയ്‌ സിംഗ്‌

Webdunia
തിങ്കള്‍, 18 ഓഗസ്റ്റ് 2014 (16:14 IST)
ആര്‍എസ്‌എസ്‌ നേതാവ് മോഹന്‍ ഭാഗവത് രണ്ടാം ഹിറ്റ്ലര്‍ ആണെന്ന് ആരോപിച്ചു കൊണ്ട് കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിംഗ്‌ രംഗത്ത്. ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയെന്ന ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ഇഗ്വിജയ് സിംഗ് രംഗത്ത് വന്നത്.

ട്വിറ്ററില്‍ കൂടി ഭാഗവതിനെ വിമര്‍ശിച്ച് കൊണ്ട് നിരവധി കമന്റുകളും സിംഗ് ട്വീറ്റ് ചെയ്തിട്ടുണ്ട്.ഹിന്ദുത്വം ഒരു മത സ്വത്തമാണെങ്കില്‍ ഇതിന്‌ സനാതന ധര്‍മ്മവുമായി എന്താണ്‌ ബന്ധമെന്ന്‌ മോഹന്‍ ഭഗവത്‌ പറയണമെന്നും ഇസ്ലാം, ക്രിസ്‌ത്യന്‍, സിഖ്‌, ബുദ്ധിസം, ജൈനിസം മറ്റ്‌ മതങ്ങളെല്ലാം ഹിന്ദുവാണോയെന്നും അദ്ദേഹം ചോദിച്ചു.

ഒരു ഹിറ്റ്‌ലറിനെ മാത്രമാണ്‌ കേട്ടിരുന്നത്‌. എന്നാല്‍ അങ്ങിനെ രണ്ടുപേരുണ്ടെന്ന്‌ ഇപ്പോള്‍ മനസ്സിലായി. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെയെന്ന്‌ സിംഗ്‌ ട്വീറ്റ്‌ ചെയ്‌തു.മറ്റുള്ളവരെ കൂടി ഉള്‍ക്കൊള്ളുന്ന സനാതന തത്വത്തില്‍ അഭിമാനം കൊള്ളുന്നവരാണ്‌ നമ്മള്‍. രാഷ്‌ട്രീയത്തില്‍ മതം കൂട്ടിയിണക്കി സാധാരണ ജനങ്ങളെ മണ്ടന്മാരാക്കുന്ന പരിപാടി മോഹന്‍ ഭഗവത്‌ അവസാനിപ്പിക്കണമെന്നും സിംഗ് ട്വിറ്ററില്‍ കൂടി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‌ പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും രംഗത്ത്‌ വന്നിട്ടുണ്ട്‌. ആര്‍എസ്‌എസ്‌ ജനങ്ങളില്‍ വിഭാഗീകത സൃഷ്‌ടിക്കുകയാണെന്ന്‌ സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷം ഉയര്‍ത്തിവിടുന്ന തരത്തിലുള്ള വാക്കുകളാണ്‌ ആര്‍എസ്‌്എസ്‌ ഉപയോഗിക്കുന്നതെന്ന്‌ സമാജ്‌വാദി പാര്‍ട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം കട്ടക്കില്‍ നടത്തിയ പ്രസ്‌താവന വിവാദമായതിന്‌ പിന്നാലെ ഇന്ന്‌ മൂംബൈയില്‍ നടന്ന വിഎച്ച്‌പിയുടെ പരിപാടിയിലും അതേ കാര്യം തന്നെ ഭഗവത്‌ ആവര്‍ത്തിച്ചതാണ് വിവാദമായത്.