വനമേഖലയിലെ സിഗ്നൽ തകരാറിലാക്കി, പാളം മുറിച്ചു; ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2017 (08:58 IST)
ധർമ്മപുരിയിലെ മൊറപ്പൂർ കൊട്ടാംപാടി വനമേഖലയിൽ സിഗ്നൽ സംവിധാനം തകരാറിലാക്കുകയും പാളം മുറിച്ചും ട്രെയിൻ കൊള്ളയടിക്കാന്‍ ശ്രമം. ഞായർ രാത്രിയാണ് സംഭവം നടന്നത്. ചെന്നൈ–തിരുവനന്തപുരം മെയിൽ കടന്നു പോകുന്നതിന് അരമണിക്കൂർ മുൻപാണ് പാളം മുറിച്ച നിലയിൽ കണ്ടത്തിയത്.  
 
അതേസമയം സിഗ്നൽ തകരാർ മൂലം നിർത്തിയിട്ട തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസിലെ അഞ്ചു യാത്രക്കാരിൽ നിന്ന് 25.5 പവൻ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചതായി പരാതിയുണ്ടായിരുന്നു. 
 
സേലം സ്റ്റേഷനിൽ നിന്ന് 60 കിലോമീറ്റർ അകലെ മൊറപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊട്ടാംപാടി വനമേഖലയിലാണ് സംഭവം. കേരള എക്സ്പ്രസ് നിർത്തിയതിനെത്തുടർന്നു സിഗ്നൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരാണ് പാളം മുറിച്ച നിലയിൽ കണ്ടെത്തിയത്. 
 
പാളങ്ങളെ തമ്മില്‍ ബന്ധിക്കുന്ന ഭാഗം മുറിച്ചതിനാൽ അട്ടിമറി ശ്രമമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ട്രാക്ക് പരിശോധനയ്ക്കിട കന്നഡ സംസാരിക്കുന്ന നാലു പേരെ ഇവിടെ സംശയാസ്പദമായി കണ്ടതായി ട്രാക്ക്മാൻമാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Next Article