അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ പനിപിടിയിൽ വിറയ്‌ക്കുകയാണ് ഡല്‍ഹി. ഡെങ്കിപനി പടര്‍ന്നു പിടിച്ചതോടെ
ഇതുവരെ രണ്ട് കുട്ടികൾ അടക്കം പതിനൊന്നു പേർ മരിച്ചു. നൂറ് കണക്കിനാളുകള്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ 1800 പേരാണ് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിൽ ഡെങ്കി പനി ബാധിച്ച് എത്തിയത്.
ഡെങ്കിപനി പടര്‍ന്നു പിടിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഒരു കിടക്കയിൽ തന്നെ രണ്ടും മൂന്നു രോഗികളാണ് കിടക്കുന്നത്. തറയിലും വരാന്തയിലുമായി നൂറ് കണക്കിനാളുകളാണ് ചികിത്സ തേടി കിടക്കുന്നത്. പല ആശുപത്രികളിലും മരുന്നും സൌകര്യങ്ങളും ഇല്ലാത്ത അവസ്ഥയിലാണ്. ഒരു നഴ്‌സിന് നൂറോളം പേരെ പരിചരിക്കേണ്ട അവസ്ഥയാണുള്ളത്. മതിയായ സൌകര്യം ഇല്ലാത്തതിനാല്‍ പല രോഗികളേയും ഡോക്ടർമാർ തിരിച്ചയക്കുകയാണ്.
വേണ്ടത്ര ചികിത്സ ലഭിക്കാതെ രണ്ട് കുട്ടികൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ഒൻപത് വയസ്സുകാരൻ അമന്റെ മാതാപിതാക്കൾ വാടകകെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയതത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്‌കൂൾ വിദ്യാർഥികൾ യൂണിഫോമിനു പകരം ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചെത്തമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദേശം നൽകി. കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും വ്യക്തമാക്കി.