ബിജെപി സര്‍ക്കാരിന്റെ നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നിലനില്‍ക്കെ തീരുമാനത്തിന്റെ ഗുണഫലങ്ങൾ വിശദീകരിച്ച് വിഡിയോ പുറത്തുവിട്ടു.
നോട്ട് നിരോധന വാർഷികം കള്ളപ്പണ വിരുദ്ധദിനമായി കേന്ദ്രം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഏഴു മിനിറ്റുള്ള വിഡിയോ പുറത്തുവിട്ടത്.
ഹിന്ദി ഭാഷയില്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ നോട്ട് നിരോധനത്തിന്റെ ഗുണങ്ങളും നേട്ടങ്ങളുമാണ് വിവരിക്കുന്നത്. മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടമായി വിലയിരുത്തന്ന ഈ നീക്കത്തില്‍ ഭീകരരുടെയും നക്സൽ പ്രവർത്തനങ്ങളുടെ നടുവൊടിഞ്ഞുവെന്നും ഹവാലാ ഇടപാടുകള്‍ കുറഞ്ഞുവെന്നും പറയുന്നു.
നോട്ട് നിരോധിക്കുക എന്ന ശക്തമായ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു. മുമ്പുണ്ടായിരുന്ന ഒരു സര്‍ക്കാരിനും സാധിക്കാത്ത കാര്യമാണ് മോദി ഗവാണ്‍മെന്റ് നടപ്പാക്കിയത്. ജനങ്ങള്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും അവര്‍ അതെല്ലാം അവഗണിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നും കള്ളപ്പണത്തെ ഉന്മൂലനം ചെയ്യാനും ഈ നീക്കത്തിലൂടെ സാധിച്ചുവെന്നും വീഡിയോയില്‍ പറയുന്നു.