അഴിമതിക്കെതിരെ പോരാടുന്നത് എങ്ങനെ കുറ്റമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം ഒളിപ്പിച്ചവർ ഇപ്പോൾ സഹായം തേടി പാവങ്ങളുടെ വീടിന് മുമ്പിൽ ക്യൂ നിൽക്കുകയാണ്. ജനങ്ങളാണ് തന്റെ ഹൈക്കമാൻഡ്. അഴിമതിക്കെതിരെ പോരാടുന്നത് എങ്ങനെ കുറ്റമാകുമെന്നും ഉത്തർപ്രദേശിലെ മൊറാദാബാദിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് പ്രധാനമന്ത്രി ചോദിച്ചു.
എന്തുകൊണ്ട് എനിക്ക് അഴിമതിക്കെതിരെ പോരാടിക്കൂടാ. അഴിമതിക്കെതിരെ പ്രവർത്തിക്കുന്നത് ഒരു കുറ്റമാണോ. രാജ്യത്തുള്ള ചിലർ തന്നെ എന്നെ കുറ്റപ്പെടുത്തുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ പ്രവർത്തിക്കുന്നതിലൂടെ താൻ എന്തെങ്കിലും കുറ്റം ചെയ്തതതായി തോന്നുന്നുണ്ടോ. പാവപ്പെട്ടവരുടെ ജൻധൻ അക്കൗണ്ടിൽ കള്ളപ്പണം അടച്ചവരെ അഴിക്കുള്ളിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻകാല സർക്കാരുകൾ പല തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഉത്തരവാദിത്തം നിറവേറ്റാനാണ് താൻ ശ്രമിക്കുന്നത്. വികസനമാണ് ഈ സർക്കാരിന്റെ മുഖമുദ്ര. ബിജെപിക്ക് ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചാൽ ഞങ്ങളുടെ നേതാക്കൾ വികസനത്തിന്റെ വഴിയാണ് തേടുക. വികസനം വരുന്നതിലൂടെ വിദ്യാഭ്യാസവും വരും. ദാരിദ്രയത്തെ തുടച്ച് നീക്കാൻ വികസനം വന്നേ മതിയാവൂ എന്നും മോദി വ്യക്തമാക്കി.
ജനങ്ങളുടെ കഠിനദ്ധ്വാനത്തെയും ത്യാഗത്തെയും പോരാട്ടത്തെയും കാണാതിരിക്കില്ലെന്ന് ഉറപ്പു തരുന്നു. ഈ യുദ്ധം നയിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. തനിക്ക് വലിയ സമ്പാദ്യമില്ല, താനൊരു ഫക്കീറാണ്. ഉത്തർപ്രദേശിലെ ദാരിദ്ര്യം തുടച്ച് നീക്ക് സംസ്ഥാനത്തെ വികസവീഥിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മോദി പ്രഖ്യാപിച്ചു.