കേന്ദ്രസര്‍ക്കാരിനും വിമര്‍ശനം; സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ലെന്ന്​ സു​​പ്രീംകോടതി

വ്യാഴം, 15 ഡിസം‌ബര്‍ 2016 (20:31 IST)
കേന്ദ്ര സർക്കാർ അസാധുവാക്കിയ നോട്ട്​ മാറ്റുന്നതിന്​ സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ലെന്ന്​ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സഹകരണ ബാങ്കുകൾ സമർപ്പിച്ച ഹർജികളും നോട്ട് പിൻവലിക്കൽ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യ ഹർജികളും പരിഗണിച്ചാണ് കോടതി വിധി.

സഹകരണ ബാങ്കുകൾക്കുമേൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിൽ ഇളവ് നല്‍കാന്‍ സാധിക്കില്ല. ഇളവു നൽകിയാൽ അതു കേന്ദ്രസർക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാകും. സഹകരണ ബാങ്കുകൾക്ക് കോടികളുടെ ആസ്തിയുണ്ട്. അതുകൊണ്ട് ഡിസംബർ 30 വരെ കാത്തിരിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു.

നവംബർ 10 മുതൽ 14 വരെ സ്വീകരിച്ച നിക്ഷേപങ്ങൾ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കാം. കാലാവധിക്ക് ശേഷം കാര്യങ്ങൾ എങ്ങനെ പോകുമെന്ന് നിരീക്ഷിക്കാമെന്നും വ്യക്‌തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.

സാധാരണക്കാർക്ക്​ എന്തുകൊണ്ട്​ ബാങ്കിൽ നിന്ന്​ പണം ലഭിക്കുന്നില്ല. 24,000 രൂപ പോലും ആഴ്​ചയിൽ കിട്ടാത്ത സ്ഥിതിയുണ്ടാകു​മ്പോള്‍ ചിലർക്ക്​ ലക്ഷങ്ങൾ കിട്ടുന്നത്​ എങ്ങനെയാണ്. അവശ്യസേവനങ്ങൾക്കു നിരോധിച്ച നോട്ടുകൾ ഉപയോഗിക്കുന്നതിന് എന്താണ് തടസം. ലക്ഷക്കണക്കിന് രൂപ കേന്ദ്ര സർക്കാർ പിടിച്ചെടുത്ത് കഴിഞ്ഞിട്ടും സാധാരണക്കാരന് നോട്ട് പ്രതിസന്ധി തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ചില ബാങ്ക്​ മാനേജർമാർ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുത്തുന്നുണ്ടെന്നും അവർക്കെതിരെ നടപടിയെടുത്ത്​ വരികയാണെന്നും മുകുൾ റോത്തഗി സു​പ്രീം കോടതിയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക