മെയ് മാസം ജന്മദിനം; അഫ്ഗാന്‍ പ്രസിഡന്റിന് മോദി ജന്മദിനാശംസ നേര്‍ന്നത് മൂന്നുമാസം മുമ്പ്‍; പ്രധാനമന്ത്രിയുടെ ദീര്‍ഘ വീക്ഷണമെന്ന് മോദി വിരുദ്ധര്‍

Webdunia
ശനി, 13 ഫെബ്രുവരി 2016 (12:25 IST)
ലോക നേതാക്കൾക്ക് ആശംസകൾ കൈമാറുന്നതിനും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ജനങ്ങളുമായി സംവദിക്കാനുമെല്ലാം ട്വിറ്റർ ഉപയോഗിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്നാൽ വെള്ളിയാഴ്ച അദ്ദേഹത്തിനു പറ്റിയ ഒരബദ്ധം ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയ.

അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി അഹമ്ദ് സായിക്ക് ജന്മദിനാശംസ നേര്‍ന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസം. മെയ് 19ന് ജന്മദിനം ആഘോഷിക്കുന്ന ഗനിക്ക് ഫെബ്രുവരി 12നാണ് മോദി ട്വിറ്ററിലൂടെ ആശംസ നേര്‍ന്നത്.

ജന്മദിനത്തില്‍ താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ നല്ല വാക്കുകള്‍ക്ക് ട്വിറ്ററിലൂടെ നന്ദിയറിയിച്ച ഗനി പക്ഷെ തന്റെ പിറന്നാള്‍ മെയ് മാസം19നാണെന്ന് മോദിയെ ട്വിറ്ററിലൂടെ ഓര്‍മപ്പെടുത്തുകയും ചെയ്തു.

 
ഗൂഗിള്‍ പ്രൊഫൈലില്‍ ഗനിയുടെ പിറന്നാള്‍ ഫിബ്രവരി 12 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് പ്രധാനമന്ത്രിക്ക് അബദ്ധം പിണയാന്‍ കാരണമായതെന്ന് മോദി അനുകൂലികള്‍ പറയുന്നു. എന്നാല്‍ പിറന്നാള്‍ ആശംസിക്കാന്‍ മോദി കാണിച്ച തിടുക്കത്തെ പ്രധാനമന്ത്രിയുടെ ദീര്‍ഘ വീക്ഷണത്തിന് ഉദാഹരണമായിട്ടാണ് ചില വിരുദ്ധര്‍ കളിയാക്കുന്നത്. പ്രധാനമന്ത്രിക്ക് പറ്റിയ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ പലതരത്തിലുള്ള ട്രോളുകളായി മാറിക്കൊണ്ടിരിക്കുകയാണ്.