കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടെലികോം കമ്പനികള്‍ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. നഷ്ടപരിഹാരം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന കമ്പനികളുടെ ആവശ്യത്തില്‍ വാദം കേള്‍ക്കവെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. എന്തുകൊണ്ട് നിങ്ങളുടെ സിസ്റ്റം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല. അങ്ങനെ എങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം അടയ്‌ക്കേണ്ടി വരില്ലല്ലോ എന്നും കോടതി ചോദിച്ചു. കേസില്‍ ഇന്നു വീണ്ടും കോടതി വാദം കേള്‍ക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പതിനാറിനാണ് കോള്‍ ഡ്രോപ്പുകള്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ് ട്രായ് പുറത്തിറക്കിയത്. ഒരു കോള്‍ഡ്രോപ്പിന് ഒരു രൂപ എന്ന നിരക്കില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രായ് ആവശ്യപ്പെട്ടത്. ഒരുദിവസം പരമാവധി മൂന്ന് കോള്‍ഡ്രോപ്പുകള്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ അധിക നഷ്ടപരിഹാരം പ്രതിവര്‍ഷം 54,000 കോടി രൂപ ബാധ്യതയുണ്ടാക്കുമെന്നാണ് കമ്പനികളുടെ വാദം.
ട്രായിയുടെ ഉത്തരവ് സ്റ്റേ ചെയ്യാത്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിച്ചത്. കോടികള്‍ നഷ്ടപരിഹാരമായി നല്‍കേണ്ടതിനാല്‍ അത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അടിയന്തര പ്രാധാന്യമുള്ള ഹര്‍ജിയായി ഇതിനെ കണ്ട് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലായിരുന്നു കോടതി ഇത്തരത്തിലിള്ള ചോദ്യം ഉന്നയിച്ചത്. കമ്പനികള്‍ ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഫെബ്രുവരി 29ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.