പെട്രോൾ വില ലീറ്ററിനു 3.02രൂപ കുറച്ചു; ഡീസലിന് 1.47 രൂപയുടെ വർധന
ചൊവ്വ, 1 മാര്‍ച്ച് 2016 (10:22 IST)
പെട്രോൾ വില ലീറ്ററിനു 3.02രൂപ കുറച്ചു. ഡീസൽവിലയിൽ ലീറ്ററിനു 1.47 രൂപയുടെ വർധന. ആഗോള വിലനിലവാരത്തിൽ വന്ന മാറ്റമനുസരിച്ചുള്ള ഈ വിലക്കുറവും വില വർധനയും ഇന്നലെ അർധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്.
പെട്രോൾ വില ഡൽഹിയിൽ നേരത്തെ ലീറ്ററിനു 59.63 രൂപ ആയിരുന്നത് 56.61രൂപയായി കുറഞ്ഞു. എന്നാല്‍ ഡീസൽവില ഇവിടെ ലീറ്ററിനു 44.96 രൂപയായിരുന്നത് 46.43 രൂപയായി വർധിച്ചു. പെട്രോൾ വിലയിൽ തുടർച്ചയായി ഏഴാം തവണയാണ് കുറവു വരുത്തുന്നത്. ഫെബ്രുവരി 18ന് ലീറ്ററിനു 32 പൈസ കുറച്ചതായിരുന്നു ഏറ്റവും അവസാനത്തെ വിലക്കുറവ്. ഡീസലിന് ഈ മാസം വരുത്തുന്ന രണ്ടാമത്തെ വില വർധനയാണ്. ഈ മാസം 18ന് 28 പൈസ കൂട്ടിയിരുന്നു.
എക്സൈസ് തീരുവ ഡീസലിന് ഒന്നരരൂപയും പെട്രോളിനു ലീറ്ററിന് ഒരു രൂപയും കേന്ദ്രസർക്കാർ വര്‍ധിപ്പിച്ചിട്ടുണ്ട്. എക്സൈസ് തീരുവയിൽ നവംബർ മുതൽ കേന്ദ്ര സർക്കാർ വരുത്തുന്ന അഞ്ചാമത്തെ വർധനയാണിത്. 17,000 കോടി രൂപ കേന്ദ്ര സർക്കാരിന് ഇതു മൂലം അധികമായി ലഭിക്കും.