ഡെല്‍ഹി മെട്രോ ഇനി തനിയെ ഓടും... ഡ്രൈവറില്ലാതെ!

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (18:02 IST)
രാജ്യ തലസ്ഥാനത്തെ അഭിമാന മെട്രോ ട്രയിന്‍ പദ്ധതിയുടെ കിരീടത്തില്‍ ഒരു പൊന്‍‌തൂവല്‍ കൂടി. ഡല്‍ഹി മെട്രോയിലെ ട്രയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും. ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ട വികസനത്തിലാണ് ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായ മെട്രോ കോച്ചുകള്‍ ഇടം പിടിക്കുന്നത്. വികസനത്തിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം വാതിലുകളും പുതിയ റൂട്ടില്‍ സ്ഥാപിക്കും. ഡ്രൈവറില്ലാത്തതിനാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായും ആത്മഹത്യാശ്രമങ്ങള്‍ തടയുന്നതിനുമായാണ് പുതിയ സംവിധാനം.

58 കിലോമീറ്റര്‍ നീളുന്ന മുകുന്ദ്പുര്‍-ശിവ് വിഹാര്‍ റൂട്ടിലും 34 കിലോമീറ്ററുള്ള ജനക്പുരി വെസ്റ്റ്-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ റൂട്ടിലുമാണ് പുതിയ ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കോച്ചുകള്‍ എത്തുക. ആറു കോച്ചുകളായിരിക്കും ഒരു വണ്ടിയിലുണ്ടാകുക. ഇതോടെ ഈ റൂട്ടുകളില്‍ ട്രയിനുകളുടെ ഇടവേളയില്‍ കുറവുണ്ടാകും. രണ്ടു റൂട്ടുകളിലെയും 60 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ മറ്റു മെട്രോകളേക്കാള്‍ പത്തുശതമാനം അധികം ഇന്ധനം ലഭ്യമാക്കുമെന്നും മെട്രോ വക്താവ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.