ഡൽഹിയിൽ ചികിത്സ ഡൽഹിക്കാർക്ക് മാത്രമെന്ന് കേജ്‌രിവാൾ: അതിർത്തികൾ നാളെ തുറക്കും

ഞായര്‍, 7 ജൂണ്‍ 2020 (17:01 IST)
ഡൽഹിയിലെ സർക്കാർ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമെ ചികിത്സ ലഭിക്കുള്ളുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുമെന്നതുകൊണ്ടാണ് പുതിയ തീരുമാനം.ഡൽഹി സർക്കാരിന് കീഴിലുള്ള പതിനായിരം കിടക്കകൾ ഡൽഹി നിവാസികൾക്ക് മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു.ജൂണ്‍ എട്ട് മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
കേന്ദ്ര സർക്കാരിന് കീഴിലുള്ള ആശുപത്രികളിൽ എന്നാൽ എല്ലാവർക്കും ചികിത്സ തേടാം.ഡോക്ടര്‍മാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടതെന്നും കേജ്‌രിവാൾ പറഞ്ഞു.നിലവില്‍ 9000 കിടക്കകളാണുള്ളത്. ഇനിയും പുറത്തുനിന്നുള്ള രോഗികളെ പ്രവേശിപ്പിച്ചാല്‍ മൂന്ന് ദിവസം കൊണ്ട് ഇവ നിററയുന്ന സാഹചര്യമുണ്ടാകും.ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ 15000 കിടക്കകള്‍ ചികിത്സയ്ക്ക് വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു.
 
ആശുപത്രികളിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് നേരത്തെ ഡല്‍ഹി നിവാസികളില്‍നിന്ന് അരവിന്ദ് കെജ്രിവാള്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. ഡല്‍ഹി നിവാസികളില്‍ 90 ശതമാനം പേരും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിയന്ത്രിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍