നാഷണല്‍ ഹെറാള്‍ഡ് കേസ്: ഹൈക്കോടതി വിധിക്കെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സുപ്രീംകോടതിയെ സമീപിച്ചു

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (13:46 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുപ്രീംകോടതിയെ സമീപിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
 
കേസുമായി ബന്ധപ്പെട്ടുള്ള ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 
 
കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് എതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 
 
എന്നാൽ, പരാതിക്കാരനായ സുബ്രമണ്യം സ്വാമി സുപ്രീംകോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു. തന്‍റെ വാദം കേള്‍ക്കാതെ സോണിയക്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ടാണ് സ്വാമിയുടെ ഹര്‍ജി.  
 
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം.