രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വെച്ചാണ് കോടതി വാദം കേട്ടത്. രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ദില്ലി ജോയന്‍റ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തുകയായിരുന്നു. അഭിഭാഷകനായ സഞ്ജയ് ഘോസാണ് ഡൽഹി സർക്കാറിനായി ഹാജരായത്.
ദില്ലിയിലെ ന്യൂ മുസ്തഫാബാദ് മേഖലയിലെ ചെറു ആശുപത്രിയായ അൽഹിന്ദിൽ നിന്ന് ജിടിബി ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റണമെന്നും എന്നാൽ കലാപകാരികൾ തടസ്സം നിൽക്കുന്നുവെന്നും കാണിച്ച് അഭിഭാഷകൻ സൊറൂർ മന്ദർ ആണ് ഹർജി നൽകിയത്.അടിയന്തരമായി വിദഗ്‍ധ വൈദ്യസഹായം ആവശ്യമുള്ളവരാണ് ഇവരെന്നും അഭിഭാഷകൻ വാദിച്ചു.ആംബുലൻസ് എത്തിയാൽ തടയാനുള്ള സാധ്യതയുണ്ടെന്നും, അതിനായി ആളുകൾ തമ്പടിച്ച് നിൽപുണ്ടെന്നും ഹർജിയിൽ വിശദമാക്കിയിരുന്നു. ഇതിനെ തുടർന്ന് ഡോ. അൻവർ എന്ന ആശുപത്രിയിലെ ഡോക്ടറെ വിളിച്ച് സ്പീക്കർ ഫോണിൽ ന്യായാധിപർ സംസാരിക്കുകയും സ്ഥിതിഗതികൾ സത്യമെന്ന് ബോധ്യപ്പെടുകയുമായിരുന്നു.
ആശുപത്രിയിൽ രണ്ട് പേർ മരിച്ച നിലയിലാണ് എത്തിയതെന്നും, 22 പേർക്കെങ്കിലും വിദഗ്‍ധ അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഡോക്ടർ ജഡ്‍ജിക്ക് വിശദീകരണം നൽകി. പല തവണ പോലീസിനെ സ്ഥിതി അറിയിക്കാനായി വിളിച്ചെങ്കിലും ആരും തന്നെ പ്രതികരിച്ചില്ലെന്നും ഡോക്ടർമാർ കോടതിയെ അറിയിച്ചു.