നിർഭയ കേസ്; പ്രതികളുടെ അവയവം ദാനം ചെയ്യാൻ നിർദേശിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

ചിപ്പി പീലിപ്പോസ്

ശനി, 22 ഫെബ്രുവരി 2020 (07:37 IST)
നിർഭയകേസിൽ തൂക്കിക്കൊല്ലാൻ വിധിച്ച പ്രതികളുടെ അവയവങ്ങൾ ദാനം ചെയ്യാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി മൈക്കിള്‍ എസ് സല്‍ധാന്‍ഹ, ഓഫ് ദ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ മംഗളുരു ചാപ്റ്റര്‍ പ്രസിഡന്റ്, അഭിഭാഷകനായ ദില്‍രാജ് രോഹിത് സെക്വിറ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
 
അവയവദാനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ചെയ്ത പ്രതികൾക്ക് പ്രായശ്ചിത്വം ചെയ്യാനുള്ള അവസാന അവസരമാണിതെന്ന് കണ്ടാൽ മതിയെന്നാണ് ഇവർ ഹർജിയിൽ പറഞ്ഞിരിക്കുന്നത്. 
 
അതേസമയം, പ്രതി വിനയ് ശര്‍മയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ എ.പി സിംഗ് ദല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. പ്രതിക്ക് സ്വന്തം അമ്മയെ പോലും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നായിരുന്നു ഹർജിയിൽ പറഞ്ഞത്. എന്നാൽ ഇതിനെതിരെ നിർഭയയുടെ അമ്മ ആശാദേവി രംഗത്തെത്തി. 
 
വിനയ് ശര്‍മ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാള്‍ക്കാണ് വിശ്രമം വേണ്ടതെന്നുമാണ് ആശാ ദേവി പ്രതികരിച്ചു. പ്രതികളെ മാർച്ച് മൂന്നിനു രാവിലെ ആറിന് തൂക്കിക്കൊല്ലും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും തീഹാർ ജയിലിൽ തയ്യാറായി കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍