ഷഹീൻബാഗ് സമരത്തിൽ സുപ്രീംകോടതി മധ്യസ്ഥ സംഘംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സമരക്കാരുമായി 4 തവണ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് സുപ്രീം കോടതി മധ്യസ്ഥ സംഘം റിപോർട്ട് നൽകുന്നത്. അതേസമയം സമരത്തിനെതിരായ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും.
സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തരപാതകൾ പോലീസ് അടച്ചെന്നും സത്യവാങ്മൂലത്തിൽ ഉണ്ടായിരുന്നു.സമരപ്പന്തലിനോട് ചേര്‍ന്ന് പൊലീസ് അടച്ച ഒമ്പതാം നമ്പര്‍ കാളിന്ദി കുഞ്ച്, നോയിഡ റോഡ് കഴിഞ്ഞ ദിവസം സമരക്കാർ തുറന്നിരുന്നു.
ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് - നോയ്‌ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും ചൂണ്ടികാണിച്ച് ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും,അഭിഭാഷകനായ അമിത് സാഹ്നിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.