ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ, കൂടുതൽ പൊലീസിനെ വിന്യസിക്കും, ആവശ്യമെങ്കിൽ സൈന്യം ഇറങ്ങും, അമിത് ഷാ ഉറപ്പുനൽകിയതായി കെജ്‌രിവാൾ
പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട് കലാപം രൂക്ഷമായ വടക്കുകിഴക്ക് ഡൽഹിയിൽ ഒരു മാസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ. കലാപ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും തീരുമാനമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
കലാപം നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസിനെ വിന്യസിക്കും എന്നും ആവശ്യം വന്നാൽ സൈന്യത്തിന്റെ സഹായം നൽകുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി ഉറപ്പു നൽകിയതായി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. അതേസമയം കലാപം ഡൽഹിയിലെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുമ്പ് വടികളും ആയുധങ്ങളുമായി ജനക്കൂട്ടം റോഡിലൂടെ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ പുറത്തുവിട്ടിരുന്നു.