കിരണ്‍ ബേദിയെ മുന്നില്‍ നിര്‍ത്തി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപിയും രംഗത്തെത്തിയതൊടെ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടേറുന്നു. പരസ്പരമുള്ള വാക്‍പോരുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതൊടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വാശിയേറുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് ഗോദയിലുള്ള വാക്‍പോര് ആദ്യം തുടക്കമിട്ടത് കോണ്‍ഗ്രസാണെങ്കിലും അവര്‍ ചിത്രത്തിലേ ഇല്ല എന്ന രീതിയിലാണ് എഎപിയും, ബി ജെ പിയും സംസാരിക്കുന്നത്.
കിരണ്‍ബേദിയെ പരസ്യമായ സംവാദത്തിനു ക്ഷണിച്ചുകൊണ്ടാണ് എഎപി വാക്പോരുകള്‍ക്ക് മൂര്‍ച്ചകൂട്ടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട കിരണ്‍ ബേദിക്ക് അഭിനന്ദനങ്ങള്‍. പക്ഷപാതമില്ലാത്ത ഒരാളെ മോഡറേറ്ററായി വച്ചുള്ള സംവാദത്തിനു ബേദിയെ ക്ഷണിക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം കെജ്രിവാളിന് ചുട്ട മറുപടിയുമായി കിരണ്‍ബേദിയും രംഗത്തെത്തി. കെജ്രിവാളിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് കിരണ്‍ ബേദി തിരിച്ചടിച്ചു. കെജ്രിവാള്‍ സംവാദത്തിലാണ് വിശ്വസിക്കുന്നത്. താന്‍ പ്രവര്‍ത്തിയിലും. അതിനാല്‍ നിയമസഭയ്ക്കുള്ളില്‍ നേരിടാമെന്നും ബേദി പറഞ്ഞു. കിരണ്‍ ബേദി തന്നെ ട്വിറ്ററില്‍ ബ്ളോക്ക് ചെയ്തുവെന്നും അത് മാറ്റണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ് താന്‍ കെജ്രിവാളിനെ ബ്ളോക്ക് ചെയ്തതെന്നും സഭ്യമില്ലാത്ത സംസാരങ്ങള്‍ വന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ബേദി പ്രതികരിച്ചു.
അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ ഭാഗഭാക്കായിരുന്ന കിരണ്‍ ബേദി, ജനവരി 15-നാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡല്‍ഹിയില്‍ വീണ്ടും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ മുന്‍ സഹപ്രവര്‍ത്തകയാണിവര്‍. അണ്ണ ഹസാരയുടെ അഴിമതി വിരുദ്ധ സമരത്തില്‍ ബേദിക്കൊപ്പം കെജ്രിവാളും പങ്കാളിയായിരുന്നു. ബേദിയെ മുന്‍നിര്‍ത്തി മത്സരിച്ചാല്‍ ഡല്‍ഹി പിടിക്കാനാവുമെന്നാണ് ബിജെപിയുടെ വിശ്വാസം .