ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റേഴ്സ് നൽകുന്ന പുരസ്കാരണാണിത്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ബിബിസി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ മിശ്രണത്തിനാണ് പൂക്കുട്ടിക്ക് പുരസ്‌കാരം. ഇതോടെ ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനായി മാറി റസൂല്‍.
ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇൻഡോ-യുഎസ് സിനിമയായ അൺഫ്രീഡം, ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യാസ് ഡോട്ടർ എന്നിവയിലെ ശബ്ദസംവിധാനത്തിന് രണ്ടു നോമിനേഷനുകളാണ് സമർപ്പിച്ചിരുന്നത്.
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്റ്റ പുരസ്‌കാരവും ഇതിനുമുമ്പ് ഇദ്ദേഹം നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995ലാണ് ബിരുദം നേടിയത്.
മലയാളം,ഹിന്ദി,ഹോളിവുഡ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്.
2009ൽ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ പുരസ്കാരത്തിന് അർഹനായ വ്യക്തിയാണ് റസൂൽ പൂക്കുട്ടി.