ഇന്ദ്രപ്രസ്ഥത്തെ കാവിക്കടലാക്കി നരേന്ദ്രമോഡിയെത്തി. വിജയം തന്റേതല്ലെന്നും പ്രവര്‍ത്തകരുടേതാണെന്നും മോഡി പറഞ്ഞു. ലക്ഷകണക്കിന് പ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വിജയം കരസ്ഥമാക്കാനായതെന്നും മോഡി പറഞ്ഞു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ആയിരക്കണക്കിനാളുകള്‍ ഉജജ്വല വരവേല്‍പ് നല്‍കി. മോഡി, മോഡി എന്ന് ആര്‍ത്തുവിളിച്ച് ജനങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു.
വിമാനത്താവളത്തില്‍ നിന്നുള്ള വീഥികള്‍ക്ക് ഇരുവശങ്ങളിലും ബി.ജെ.പി പതാകയും മോഡിയുടെ ചിത്രങ്ങളും താമര ചിഹ്നവും വഹിച്ചു നിന്ന ജനക്കൂട്ടത്തിനിടയില്‍പെട്ടു മോഡിയുടെ വാഹനവ്യൂഹം മുന്നോട്ട് നീങ്ങാന്‍ ഏറെ ക്ലേശിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലെ റോഡ് ഷോയെ അതിശയിക്കുന്നതായി ഇന്ന് ഡല്‍ഹിയിലെ വിജയാഹ്ളാദ റോഡ് ഷോ.
അശോകറ റോഡിലെ ബിജെപി ആസ്ഥാനമന്ദിരത്തിലെത്തിയ മോഡിയ്ക്ക് പാര്‍ട്ടിയുടെ വക സ്വീകരണം നല്‍കി. തുടര്‍ന്ന് ബിജെപി പാര്‍ലമെന്ററി യോഗം ചേര്‍ന്നു മോഡിയെ നേതാവായി യോഗം ഔപചാരികമായി തിരഞ്ഞെടുത്തു.