ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ആണവ വികിരണ ചോർച്ച കണ്ടെത്തി. തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് ടർക്കിഷ് എയർലൈൻസിന്റെ ചരക്കു (കാർഗോ) വിമാനത്തിൽ കൊണ്ടുവന്ന റേഡിയോ ആക്ടീവ് ഉൽപന്നത്തിൽ നിന്നാണ് വികിരണം ചോർന്നത്. വിമാനത്താവളത്തിന്റെ കാർഗോ കോംപ്ലക്സിലാണ് ചോര്‍ച്ച കണ്ടെത്റ്റിയത്. ഫോർട്ടിസ് ആശുപത്രിക്കു വേണ്ടിയുള്ള ഉൽപ്പന്നമായിരുന്നു ഇത്.
കാൻസർ രോഗികളെ ചികിൽസിക്കുന്നതിന് ആവശ്യമായ ഉൽപ്പന്നമായിരുന്നു ഇത്. ചോർച്ച യാത്രക്കാരെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ശ്രദ്ധിക്കാതെ കൈകാര്യം ചെയ്തതാണോ ചോർച്ചയ്ക്കു കാരണമെന്നും പൊലീസും സിഐഎസ്എഫും അന്വേഷിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) പരിശോധന തുടങ്ങി. ആറ്റമിക് എനർജി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.
ചോര്‍ച്ച അടച്ചതായാണ് വിവരം. അതേസമയം കാർഗോ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആണവവികിരണം ഉണ്ടായ ഉത്പന്നം ഫോർട്ടിസ് ആശുപത്രിക്കു വേണ്ടി കൊണ്ടുവന്നതായതിനാല്‍ ആശുപത്രി അധികൃതരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.