ഡല്‍ഹി പഴയ ഡല്‍ഹി തന്നെ, കെജ്രിവാള്‍ വന്നിട്ടും ഒരു മാറ്റവുമില്ല...!

Webdunia
ബുധന്‍, 1 ജൂലൈ 2015 (16:21 IST)
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതുപോലെ പ്രതിപക്ഷ ശബ്ദത്തെ ദുര്‍ബലമാക്കിയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയത്. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി അധികാരമേറ്റെനെങ്കിലും ഡല്‍ഹിയ്ക്ക് യാതൊരു മാറ്റവും ഉണ്ടാക്കാന്‍ സാധിക്കാത്ത കെജ്രിവാളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നശിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

അധികാരത്തിലെത്തി നാലു മാസം പിന്നിടുമ്പോഴും സൗജന്യ കുടിവെള്ളം, മാലിന്യ നീക്കം തുടങ്ങിയ അത്യാവശ്യ കാര്യങ്ങളില്‍ കെജ്രിവാള്‍ പരാജയമാണെന്നാണ് ഡല്‍ഹി നിവാസികള്‍ പറയുന്നത്. മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയ കാര്യങ്ങള്‍ക്കായി സമയം പാഴാക്കുന്നു എന്നതാണ് ജനങ്ങളുടെ പരാതി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി ഒന്നും തന്നെ ഡല്‍ഹി ജനതയ്ക്കു വേണ്ടി ചെയ്യാന്‍ ഇന്നു വരെ സര്‍ക്കാരിനു സാധിച്ചിട്ടില്ല എന്ന് ജനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

സൌജന്യമായി കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പ് വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി. ഈ വേലല്‍ക്കാലത്ത് കനത്ത കുടിവെള്ള ക്ഷാമമാണ് നേരിട്ടതെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ തന്നെ പറയുന്നു. ശുചീകരണ തൊഴിലാളികളുടെ സമരം മൂലം കുറച്ചൊന്നുമല്ല ഡല്‍ഹി ജനത ബുദ്ധിമുട്ടിയത്. നഗരങ്ങളില്‍ നീക്കം ചെയ്യാത്ത മാലിന്യങ്ങള്‍ കൂമ്പാരമായിട്ടും പരിഹാരം കാണാന്‍ സര്‍ക്കാരിനു സാധിച്ചില്ല.

ഇതിനു പുറമേ എഎപി മന്ത്രിമാര്‍ക്കെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങളും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഏഴുപതംഗ സഭയിലെ 67 സീറ്റുകളും നേടി കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലേറിയത്.