ഡല്‍ഹിയില്‍ വീണ്ടും ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (10:43 IST)
ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ഡിസംബര്‍ മുതല്‍ നടക്കുന്ന നടക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. വസന്ത്‌കുഞ്ച് അല്‍ഫോണ്‍സാ ദേവാലയത്തിനു നേരേയാണ് ഇന്ന് ആക്രമണം നടന്നത്. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ കേവലം അഞ്ചു ദിവസങ്ങള്‍ അവശേഷിക്കുമ്പോഴാണ് അക്രമം. പള്ളിയുടെ വാതിലുകള്‍ അടിച്ചു തകര്‍ക്കുകയും പള്ളിക്കുള്ളിലെ വസ്തുക്കള്‍ വലിച്ചുവാരിയിട്ട നിലയിലുമാണ് കാണപ്പെടുന്നത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. 
 
സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പള്ളിയുടെ ഗെയ്റ്റ് പൂട്ടിയിട്ട നിലയിലാണ്. അതിനാല്‍ അക്രമികള്‍ ഗെയ്റ്റ് ചാടിക്കടന്നാണ് പള്ളിക്കുള്ളില്‍ പ്രവേശിച്ചത് എന്നാണ് വിലയിരുത്തുന്നത്. പള്ളിക്കുള്ളിലെ സാധനങ്ങള്‍ വലിച്ചുവാരി ഇടുകയും ചിലത് തല്ലിപ്പൊളിക്കുകയുമായിരുന്നുവെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. 
 
നേരത്തെ, പശ്ചിമ ഡല്‍ഹിയിലെ വികാസ്പുരിയില്‍ അവര്‍ ലേഡി ഓഫ് ഗ്രെയ്സസ് ചര്‍ച്ചിന്റെ രൂപക്കൂട് തകര്‍ത്തിരുന്നു. ഇതിന് മുന്‍പ് ഡിസംബര്‍ ആദ്യം കിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം തീയിട്ട് നശിപ്പിച്ചിരുന്നു. പിന്നീട് തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ലയി പള്ളിക്കുനേരെ കല്ലേറുണ്ടായി. രോഹിണിയില്‍ ക്രിസ്തുമസിനുശേഷം പള്ളിയിലെ പുല്‍ക്കൂട് നശിപ്പിക്കുകയും ചെയ്തിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.