നിർഭയക്കേസിലെ പ്രതികൾക്ക് മരണവാറന്റ്, 22ന് തൂക്കിലേറ്റും

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2020 (17:12 IST)
നിർഭയക്കേസിലെ പ്രതികൾക്കെതിരെ പാട്യാല കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഈ മാസം 22ന് പ്രതികളായ വിനയ് ശർമ്മപവൻ ഗുപ്‌ത,മുകേഷ്,അക്ഷയ് സിങ് എന്നീ പ്രതികളെയാണ് തൂക്കിലേറ്റുക.
 
നിർഭയകേസിൽ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികൾ നേരത്തെ കോടതിയിൽ ഹർജി നൽകിയിരുന്നു. നിയമവഴികൾ പൂർണമായും അടയാതെ വധശിക്ഷ പാടില്ലെന്നും തിരുത്തൽ ഹർജിയും ദയാ ഹർജിയും സമർപ്പിക്കാൻ പ്രതികൾക്ക് അവകാശമുണ്ടെന്നും പ്രതികൾ വാദിച്ചിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടികാണീച്ച് പ്രതികളിലൊരാളായ അക്ഷയ് സിങ് വിഷയത്തിൽ ഡിസംബർ 18ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
 
2012 ഡിസംബർ 16ന് രാത്രി ഒമ്പതിന് ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. വിദഗ്ദ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്ന പെൺകുട്ടി ഡിസംബർ 29ന് മരണപ്പെടുകയും ചെയ്തിരുന്നു. കേസിൽ ആറ് പ്രതികളെയാണ് പോലീസ് പിടികൂടിയത്.
 
എന്നാൽ കേസിലെ മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വെച്ചുതന്നെ ജീവനൊടുക്കിയിരുന്നു. പ്രതികളിൽ  ഒരാൾക്ക് 18 വയസ്സ് തികയാത്തതിനാൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്തിരുന്നു. പ്രതികളായ ബാക്കി നാലുപേർക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. ഇതാണ് ഈ മാസം 22ന് നടപ്പാക്കണമെന്ന് ഉത്തരവായിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article