ആന്ധ്രപ്രദേശ് സ്വദേശിനിയായ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ എസ്‌തര്‍ അനൂഹ്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. കാര്‍വേ നഗര്‍ സ്വദേശി ചന്ദ്രബാന്‍ സനാപിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. എസ്‌തര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്.
പ്രത്യേക കോടതി ജഡ്ജി വൃശാലി ജോഷിയാണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജഡ്ജി നിരീക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിന് പോലും മാന്യത നല്‍കാത്ത പ്രതി വധശിക്ഷക്ക് അര്‍ഹനാണെന്ന് കോടതി പറഞ്ഞു.
2014 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ജോലി ചെയ്യുകയായിരുന്ന എസ്തറിനെ (23) ബൈക്കില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.