സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊല്ലുന്നവരേയും തൂക്കിലേറ്റരുതെന്ന് ഇടതു വനിതാ സംഘടനകള്‍

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (14:22 IST)
ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് ഇടത് വനിതാ സംഘടനകള്‍. സിപിഎമ്മിന്റെയും സിപിഐയുടെയും വനിതാ സംഘടനകളായ ജനാധിപത്യ മഹിള അസോസിയേഷനും,  ദേശിയ മഹിളാ ഫെഡറേഷനുമാണ് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തീവ്രവാദികള്‍ക്കോ ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്കോ ഉള്‍പ്പടെ ആര്‍ക്കും വധശിക്ഷ നല്‍കാന്‍ പാടില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നിലപാടെന്നും ഇത്തരം കേസുകളിലെപ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി ജീവപര്യന്തം ആക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ നേതാവ് ടിഎന്‍ സീമ പറഞ്ഞു.

തെറ്റ് എത്ര വലുതായാലും വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് പ്രാകൃതമാണെന്നാണ് ദേശിയ മഹിളാ ഫെഡറേഷന്റെ നിലപാടെന്ന് ആനി രാജ പറഞ്ഞു. ബലാത്സംഗക്കേസുകളിള്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സൗമ്യ കൊലക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കും ഡല്‍ഹി ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്നായിരുന്നു ഇടത് വനിതാസംഘടനകളുടെ നിലപാട്.