ഉത്തര്‍പ്രദേശില്‍ ബലാത്സംഗവീഡിയോകള്‍ 50 മുതല്‍ 150 രൂപ വരെ വിലയ്ക്ക് വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. നിത്യേന 100 മുതല്‍ ആയിരക്കണക്കിന് വീഡിയോകളാണ് ഇത്തരത്തില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്മാര്‍ട്ട്‌ഫോണിലും പെന്‍ഡ്രൈവിലുമാക്കിയാണ് ഇത്തരം വീഡിയോകള്‍ നല്‍കുന്നത്. ആഗ്രയിലെ കസ്ഗഞ്ച് മാര്‍ക്കറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന അനേകം കടകളുണ്ടെന്നും 30 സെക്കന്റ് മുതല്‍ അഞ്ച് മിനിറ്റുകള്‍ വരെ നീളുന്ന ദൃശ്യങ്ങളാണ് ദിനംപ്രതി വിറ്റു പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കുറ്റവാളികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മിക്കതിലും ഉപയോഗിച്ചിരിക്കുന്നത്. താജ്ഗഞ്ച്, സദാര്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയതായും വീഡിയോകള്‍ പിടിച്ചെടുത്തതായും ആഗ്ര സിറ്റി എസ്.പി. ഖുലെ സുശീല്‍ ചന്ദ്രഭാന്‍ അറിയിച്ചു.