ദളിത് കുടുംബത്തെ തീവച്ച സംഭവം, ഹരിയാനയില്‍ സാമുദായിക കലാപം പടരുന്നു

വ്യാഴം, 22 ഒക്‌ടോബര്‍ 2015 (10:11 IST)
ഹരിയാനയില്‍ ദളിത് കുടുംബത്തിന് നേരെ ഉന്നത ജാതിക്കാര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ സാമുദായിക കലാപം പടരുന്നു. ഹരിയാനയിലെ ഫരീദാബാദിലെ ഒരു കുടുംബത്തിലെ നാല്പേരെ ജീവനോടെ  പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മാതാവിനും പിതാവിനും സാരമായ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുന്നോക്ക ജാതിക്കാരായ അക്രമികളെ പൊലീസ് സഹായിക്കുന്നു എന്ന ആരോപണം ദളിത് സമുദായത്തിനിടയില്‍ ശക്തമാണ്. സംഭവത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം പൊലീസ് ബലം പ്രയോഗിച്ച് അവസാനിപ്പിച്ചെങ്കിലും നരേന്ദ്രമോഡിക്കെതിരെയും മനോഹര്‍ ലാല്‍ ഖട്ടാറിനെതിരെയുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി ഡല്‍ഹി- മധുര ദേശീയ പാത സമരക്കാര്‍ ഉപരോധിച്ചിരുന്നു.

കേസ് സിബിഐയുടെ കൈകളിലേക്ക് എത്തിയെങ്കിലും യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന വിശ്വാസം ഗ്രാമവാസികള്‍ക്കില്ല. വര്‍ഷങ്ങളായി ഫരീദാബാദില്‍ ദളിത്‌രജത് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുരടുന്നുണ്ട്. ഒരു വര്‍ഷം മുമ്പ് ദളിത് സമുദായക്കാര്‍ രജപുത് സമുദായത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിലൂടെ തീര്‍ത്തതെന്നാണ് പൊലീസ് ഭാഷ്യം.

അതേസമയം ഫരീദാബാദ് സംഭവം ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് മഹാസഖ്യം. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെടുകയാമെന്ന പ്രചരണം ഫരീദാബാദ് ഉദാഹണരമാക്കി മഹാസഖ്യം ബീഹാറില്‍ സജീവമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും മാത്രമല്ല ബീഹാറിലെ ബിജെപി സഖ്യംവും ആശങ്കയിലായിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക