പശുവിറച്ചി തിന്നുവെന്നാരോപിച്ചു കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബാംഗങ്ങൾ ജന്മഗ്രാമം ഉപേക്ഷിച്ച് ന്യൂഡൽഹിയിലേക്കു താമസം മാറ്റി. കൊലചെയ്യപ്പെട്ട അഖ്‌ലാഖിന്റെ ഭാര്യ, മൂത്ത മകനും വ്യോമസേനയിൽ എൻജിനീയറുമായ മുഹമ്മദ് സർതാജ്, മകൾ എന്നിവരാണ് ഡൽഹിയിലെ വാടകവീട്ടിലേക്കു പോയത്.
വീട്ടിലേക്ക് പാഞ്ഞുകയറി നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് നോയിഡയിലെ ആശുപത്രിയിൽ കഴിയുന്ന ഇളയ മകൻ ഡാനിഷിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റി. അതേസമയം, കനത്ത പൊലീസ് കാവലിലാണ് ദാദ്രി. സ്ഥലത്ത് ഇപ്പോഴും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
സംഭവത്തില്‍ നീതി ലഭിക്കണമെന്ന് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍്റെ മൂത്ത മകന്‍ സര്‍താജ് പറഞ്ഞിരുന്നു. കൊലപാതകത്തില്‍ നിരവധി പേര്‍ പങ്കാളികളാണ്. വീട്ടിലെത്തി ആക്രമണം നടത്തി പിതാവിനെ കൊലപ്പെടുത്തിയവരെ സഹോദരി തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന് നീതി ഉറപ്പിക്കാനല്ല രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതെന്നും സര്‍താജ് ആരോപിച്ചു.
പിതാവിന്റെ കൊലപാതകത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഞങ്ങളുടെ ദുഃഖം എല്ലാവരും മനസിലാക്കണം. ഞങ്ങളുടെ വേദന ആരും മനസ്സിലാക്കുന്നില്ല. രാഷ്ട്രീയലാഭമുണ്ടാക്കാനാണ് നേതാക്കളുടെ ശ്രമം. പിതാവിന്റെ മരണം രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമാണ് പല രാഷ്ട്രീയക്കാരും വീട് സന്ദര്‍ശിച്ചത്.’ സര്‍താജ് കുറ്റപ്പെടുത്തുന്നു. അക്രമികളുടെ ജാതിയോ മതമോ താന്‍ ചോദിച്ചിട്ടില്ല. നീതി മാത്രമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം 22ന് ആണ് ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലഖിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
എന്നാല്‍ സമുദായ സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.