വരൂ നമുക്കും സൈക്കിള്‍ ചവിട്ടാം, പാതയൊരുക്കാന്‍ കേന്ദ്രസര്‍ക്കാരുണ്ട്

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (15:02 IST)
പ്രമേഹവും രക്തസമ്മര്‍ദവും ഇല്ലാത്ത മുപ്പതു വയസുകഴിഞ്ഞ എത്ര മലയാളികള്‍ നമുക്കിടയിലുണ്ട്. ഈ ജീവിത ശൈലി രോഗങ്ങള്‍ മൂലം പോക്കറ്റ് കാലിയാകുമ്പോഴും കൊഴുത്തു തടിക്കുന്നത് മരുന്നു കമ്പനികളാണെന്നുമാത്രം.

എന്നാല്‍ ഇതില്‍ നിന്നൊക്കെ എങ്ങനെ രക്ഷപ്പെടും. വ്യായാമം ചെയ്യാന്‍ പോയിട്ട് നേരെ കിടന്നുറങ്ങാന്‍ പോലും പറ്റാത്തത്ത്ര ജോലിയുള്ളവര്‍ക്കാണ് കൂടുതലും ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ എളുപ്പം പിടിപെടുന്നത്. രോഗം വരുന്നതിനേക്കാള്‍ നല്ലതല്ലെ രൊഗം വരാതെ നോക്കുന്നത്.

ഈ കാര്യം തലയില്‍ ഉദിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാന്. നാട്ടുകാരെ മുഴുവന്‍ സൈക്കിള്‍ സവാരിക്കാരാക്കുക. കൊള്ളമല്ലൊ സംഗതി എന്ന് തോന്നുന്നില്ലെ. എങ്കില്‍ കൂടുതല്‍ അറിഞ്ഞോളു.

പ്രമേഹരോഗികളില്‍ 45 ശതമാനം പേരുടെയും രോഗകാരണം വ്യായാമക്കുറവാണ്. എല്ലാവരും പതിവായി വ്യായാമം ചെയ്താല്‍ ചികില്‍സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. എന്നാല്‍ വ്യായാമം ചെയ്യുന്നതിനായി സൈക്കിള്‍ യാത്ര നടത്തുകയാണെങ്കില്‍ യാത്രയും നടക്കും വ്യായാമവും നടക്കും. സംഗതി എങ്ങനെയുണ്ട്.

ആരോഗ്യ സംരക്ഷണത്തിന് സൈക്കിള്‍ സവാരി ഉത്തമ മാര്‍ഗമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ പ്രധാന പാതകളിലും പ്രത്യേക ട്രാക്ക് നിര്‍മിക്കണമെന്ന നിര്‍ദേശം ഉപരിതലഗതാഗത, നഗരവികസന മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നും രാജ്യ തലസ്ഥാനത്തെ പ്രമുഖ ഡോക്ടര്‍ കൂടിയായ മന്ത്രി പറഞ്ഞു.

സൈക്കിള്‍ സവാരിയെ പ്രോല്‍സാഹിപ്പിക്കണമെന്നു നിര്‍ദേശിക്കുന്ന എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ട് സ്വീകരിക്കുന്നതിനിടേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൈക്കിളുകള്‍ വ്യാപകമായി ഉപയോഗിച്ചാല്‍ പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നും ആരോഗ്യമേഖല വിപ്ലവകരമായ കുതിച്ചുചാട്ടം നടത്തുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍കെ പച്ചൌരി പറഞ്ഞു.