പോസ്റ്റ് ഓഫീസും ബാങ്കുകളും ഇന്നും പ്രവർത്തിക്കും. എസ്ബിഐ ഉള്‍പ്പെടെയുള്ള പല ബാങ്കുകളും രാവിലെ തന്നെ പണം മാറാന്‍ എത്തുന്നവര്‍ക്കായി ടോക്കണ്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. പലരും 2000 രൂപ വാങ്ങാൻ തയാറാകാത്തതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മിൽ വാക്കേറ്റവും തുടങ്ങി. പല എടിഎമ്മുകളിലും വേഗം പണം തീരുകയും ചെയ്തു.
10 രൂപയുടെ നാണയങ്ങൾ ആർബിഐ ലഭ്യമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നൂറിന്റെയും അൻപതിന്റെയും പുതിയ നോട്ടുകൾ എത്തുമെന്നാണ് ആർ ബി ഐ പ്രതീക്ഷ. പുതിയ 100, 50 നോട്ടുകൾ എത്തിയാൽ പ്രശ്നങ്ങൾക്ക് ഒരുപരിധി വരെ ഫലം കാണാൻ സാധിക്കുമെന്നാണ് ആർ ബി ഐ കരുതുന്നത്.
സർക്കാർ ഗതാഗത സ്ഥാപനങ്ങൾ നാളെ രാത്രി 12 വരെ അസാധുവായ നോട്ടുകൾ കൈപ്പറ്റണമെന്നു കേന്ദ്രം നിർദേശിച്ചെങ്കിലും കെ എസ് ആർ ടി സി അതിനു വഴങ്ങാത്തത് പ്രതിസന്ധികൾക്ക് കാരണമാകുന്നു. അതേസമയം, ചിലയിടങ്ങളിൽ ഇപ്പോഴും പഴയനോട്ടുകൾ വാങ്ങുന്നുണ്ട്. മുൻമാസങ്ങളിലെ വൈദ്യുതിനിരക്കും കുടിശികയും അടയ്ക്കാൻ പഴയ 500, 1000 രൂപ നോട്ടുകൾ നാളെ വരെ ഉപയോഗിക്കാം.
ജല അതോറിറ്റി നാളെ പഴയ നോട്ടുകൾ സ്വീകരിക്കും. കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതിനിരക്കു മാത്രം പഴയ നോട്ടുകളിൽ സ്വീകരിക്കും. നൽകുന്ന നോട്ടുകളുടെ സീരിയൽ നമ്പർ, കൺസ്യൂമർ നമ്പർ എന്നിവ കൂടി രേഖപ്പെടുത്തി നൽകണം. റെയിൽവേയും പഴയ നോട്ടുകൾ സ്വീകരിക്കുന്നുണ്ടെന്നത് ആശ്വാസകരം.