കുറഞ്ഞ നിക്ഷേപമായാലും പരിശോധിക്കും, നികുതിവെട്ടിക്കൽ കണ്ടെത്തിയാൽ പിഴ ഈടാക്കും

ശനി, 19 നവം‌ബര്‍ 2016 (08:26 IST)
സംശയകരമായ കുറഞ്ഞ നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കും. വരുമാനത്തേക്കാൾ ഉയർന്ന തുക അക്കൗണ്ടുകളിൽ നിക്ഷേപിച്ചാൽ പിഴ ഈടാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനമായിരിക്കുന്നത്. ആദായ നികുതിയുടെ കുറഞ്ഞ പരിധി രണ്ടരലക്ഷം രൂപ ആയതിനാൽ തൊഴിലാളികൾ, വീട്ടമ്മമാർ എന്നിവരുടെ ചെറിയ നിക്ഷേപങ്ങൾ ആദായനികുതി വകുപ്പ് പരിശോധിക്കില്ലെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 
 
എന്നാൽ കള്ളപ്പണം പുതിയ നോട്ടുകളായി മാറ്റിയെടുക്കാൻ ചിലർ സാധാരണക്കാരായ ജനങ്ങളുടെ സഹായം തേടുന്നുണ്ടെന്നും മറ്റുള്ളവരുടെ അക്കൗണ്ടുകൾ വഴി നോട്ടുകൾ മാറ്റിയെടുക്കുന്നുവെന്നും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. നോട്ടുകൾ മാറ്റി നൽകിയാൽ അക്കൗണ്ട് ഉടമകൾക്ക് ഒരു നിശ്ചിത തുക പ്രതിഫലമായി നൽകും.
 
ഈ സാഹചര്യത്തിലാണു ചെറിയ നിക്ഷേപങ്ങളും നിരീക്ഷിക്കാൻ തീരുമാനം. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നിശ്ചിത അക്കൗണ്ട് പരിശോധിക്കും. ജൻധൻ അക്കൗണ്ടുകളും ഇത്തരത്തിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. നികുതിവെട്ടിക്കൽ കണ്ടെത്തിയാൽ ആദായനികുതിക്കു പുറമേ പിഴയും ഈടാക്കുന്നതാണ്.

വെബ്ദുനിയ വായിക്കുക