ക്രൂഡോയില്‍ വില ഇടിയുന്നു, ഡീസല്‍, പെട്രോള്‍ വില ഗണ്യമായി കുറയും

Webdunia
ചൊവ്വ, 14 ഒക്‌ടോബര്‍ 2014 (09:19 IST)
അന്താരാഷ്ട്ര എണ്ണവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞുകൊണ്ടിരിക്കേ ഇന്ത്യയില്‍ പെട്രോളിനൂം ഡീസലിനും വില ഇടിയുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ തീരുമാനം സര്‍ക്കാരിനേ അറിയിച്ചിട്ടുണ്ട്. പെട്രോള്‍ വില ഇപ്പോള്‍ വിപണി വില അനുസരിച്ച് എണ്ണക്കമ്പനികള്‍ കുറച്ചുകൊണ്ട് വരികയാണ്. അതേ സമയം ഡീസല്‍ വില നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാല്‍  ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം വില കുറയ്ക്കും.

പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് മൂന്നു രൂപയും ഉടന്‍ കുറയാനാണ് സാധ്യത.
എന്നാല്‍ ഇതിന് മുന്നോടിയായി തന്നെ ഡീസല്‍ വില നിയന്ത്രണം നീക്കുകയും ചെയ്തേക്കാം. അസംസ്കൃത എണ്ണയുടെ ഇന്ത്യക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 88.23 ഡോളറാണ്. 2014 ഒക്ടോബര്‍ 10 ലെ നിരക്കാണിത്. ഇതിനാല്‍ എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തിലാണ് ഇപ്പോള്‍ ഡീസല്‍ വിറ്റഴിക്കുന്നത്. നിലവില്‍ ഒരു ലിറ്റര്‍ ഡീസലിന് 2.13 രൂപ ലാഭം എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ വീണ്ടും വില കുറഞ്ഞതോടെ ലാഭം കൂടിയിട്ടുണ്ടെന്നാണ് സൂചന.

ഷെയില്‍ എണ്ണയുടെ (കല്‍ക്കരിക്കിടയിലും മറ്റും കുടുങ്ങി കിടക്കുന്ന എണ്ണ) ഉല്‍പ്പാദനം അമേരിക്കയില്‍ ഗണ്യമായി വര്‍ധിച്ചതോടെ വൈകാതെ അമേരിക്ക സൗദിയേയും റഷ്യയേയും പിന്തള്ളി എണ്ണ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ ബ്രസീലില്‍ എണ്ണ ശേഖരം കണ്ടെത്തിയതൊടെ ഒപെക് രാജ്യങ്ങളുടെ സ്വാധീനം കുറഞ്ഞു വരികയും ചെയ്യും. എന്ന വില വര്‍ദ്ധിപ്പിക്കുന്നതിനായി ഉത്പാദനം കുറയ്ക്കില്ലെന്നാണ് ഒപെക് രാജ്യങ്ങളുടെ നിലപാട്.

അതിനാല്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി ഗണ്യ്മായ നിലയിലേക്ക് കുറയും. ഇന്ത്യയില്‍ ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ സര്‍ക്കാറിന് കനകാവസരമാണ് കൈവന്നിരിക്കുന്നത്. ഇപ്പോള്‍ നിയന്ത്രണം നീക്കിയാലും കുറെ കാലത്തേക്ക് വില ഉയരുന്ന സാഹചര്യം ഉണ്ടാവില്ല. ഇതു മൂലം വില നിയന്ത്രണം നീക്കുന്നതിനെതിരെ ഉയര്‍ന്നേക്കാവുന്ന പ്രതിഷേധങ്ങള്‍ കെട്ടടങ്ങും.

ഇത് ഡോളറിനെതിരെ രൂപ ശക്തിപ്പെടാന്‍ വഴിയൊരുക്കും. നിലവിലെ സാഹചര്യത്തില്‍ രൂപ ശക്തിപ്പെടുന്നതും രൂപ നിരക്കില്‍ എണ്ണയുടെ ഇറക്കുമതി ചെലവ് കുറക്കും. സമീപ ഭാവിയില്‍ എണ്ണ വില കുറയാന്‍ സാധ്യത്യില്ലാത്തത് സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.