നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നേരിട്ടു പണമായി നല്‍കില്ല. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായി വരുന്ന നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായും പൂർത്തിയായിട്ടില്ല. അതിനാല്‍ രാജ്യത്ത് ഇപ്പോളും പണ ദൗർലഭ്യം തുടരുകയാണ്. ഈ സാഹചര്യത്തിൽ, ശമ്പളം പണമായി നൽകാന്‍ കഴിയില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. നോട്ടുകള്‍ പിൻവലിക്കുന്നതിന് ഇളവുകൾ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി ജയ്റ്റ്‌ലിക്കു കത്തയച്ചിരുന്നത്.