മുഖ്യമന്ത്രിയാക്കാമെന്ന് വിഎസിന് ഒരുറപ്പും നല്‍‌കിയിട്ടില്ല: യെച്ചൂരി

Webdunia
വ്യാഴം, 24 മാര്‍ച്ച് 2016 (14:22 IST)
അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് വിഎസ് അച്യുതാനന്ദന് ഒരുറപ്പും നല്‍‌കിയിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയെ തീരുമാനിക്കുക പോളിറ്റ്ബ്യൂറോ ആണെങ്കിലും പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്ന് പൊതു തത്വമില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നിലവിലെ അഭിപ്രായങ്ങള്‍ പരിഗണിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ നിര്‍ണയിക്കുന്നതില്‍ പ്രത്യേകിച്ച് ഒരു ഫോര്‍മുലയും ഇല്ലെങ്കിലും പ്രവര്‍ത്തന പരിചയവും ഭരണത്തിലെ കഴിവും പരിഗണിക്കും. മുതിര്‍ന്ന നേതാക്കളില്‍ നിന്നാകും മുഖ്യമന്ത്രിയെ കണ്ടെത്തുക. എല്‍ഡിഎഫിന്റെ അഭിപ്രായവും ഈ കാര്യത്തില്‍ തേടും. എന്നാല്‍ പിബിയുടേതാകും അന്തിമ തീരുമാനമെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തന്റെ സ്ഥാനം എന്താണെന്നത് സംബന്ധിച്ച് ഉറപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന യെച്ചൂരിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് വിഎസിനെ മുഖ്യമന്ത്രിയാക്കാമെന്ന് യെച്ചൂരി ഉറപ്പു നൽകിയതായും വാർത്തകൾ വന്നിരുന്നു.