സിപിഐയില്‍ പരസ്യപ്രസ്താവനയ്ക്ക് വിലക്ക് വീണു

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (17:29 IST)
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇനി പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഐ സംസ്ഥാന നേതാക്കളോട് കേന്ദ്ര നേതൃത്വം. ഡല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയിലാണ് നേതാക്കള്‍ക്ക് വിലക്ക് വീണത്.

അതേസമയം കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിഗണിക്കുന്നത് സിപിഐ ദേശീയ നിര്‍വാഹകസമിതി മാറ്റി വെക്കുകയും ചെയ്തു. സംസ്ഥാനത്തുനിന്ന് വിശദമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം അതുകൂടി പരിഗണിച്ചായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുന്നതെന്ന് നേതൃത്വം വ്യക്തമാക്കി.

ദേശീയ നിര്‍വാഹകസമിതിയില്‍ വിഷയം വന്നപ്പോള്‍ തന്നെ പിന്നീട് പരിഗണിക്കാമെന്ന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അറിയിക്കുകയായിരുന്നു. തിരക്കിട്ട തീരുമാനം വേണ്ടെന്നും, അങ്ങനെയായാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക്  തീരുമാനം മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിലാണ് വിഷയം മാറ്റിവെച്ചത്.