കോവിഡിനെതിരെ ഒരേ വാക്‌സിന്റെ രണ്ടുഡോസ് എടുക്കുന്നതിനേക്കാള്‍ വെവ്വേറെ വാക്‌സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന പഠനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെവ്വേറെ വാക്‌സിനുകള്‍ സ്വീകരിച്ച 98 പേരിലാണ് ഐ.സി.എം.ആര്‍. പഠനം നടത്തിയത്. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗറില്‍ അബദ്ധവശാല്‍ 18 പേര്‍ക്ക് വെവ്വേറെ വാക്‌സിനുകള്‍ നല്‍കിയിരുന്നു. ഇവരിലടക്കമാണ് ഐ.സി.എം.ആറിന്റെ പഠനം നടന്നത്. ആദ്യത്തെ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തേത് കോവാക്‌സിനുമാണ് യുപിയില്‍ നല്‍കിയത്.
ഐ.സി.എം.ആറിന്റെ പഠന റിപ്പോര്‍ട്ട് വാക്‌സിന്‍ വിതരണത്തില്‍ വലിയ മാറ്റം കൊണ്ടുവരുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. അതായത് ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാം ഡോസ് കോവാക്‌സിനും എടുക്കാന്‍ സാധിക്കുമോ? നിലവില്‍ വ്യത്യസ്ത ഡോസ് സ്വീകരിക്കാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. വെവ്വേറെ വാക്‌സിനുകള്‍ നല്‍കരുതെന്നാണ് ഐ.സി.എം.ആര്‍. നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നത്. വാക്‌സിന്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് സുരക്ഷിതമല്ലെന്നാണ് ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, വാക്‌സിന്‍ കാര്യങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഉന്നതസമിതി ഐ.സി.എം.ആറിന്റെ പുതിയ പഠനം പരിശോധിക്കും. വെവ്വേറെ വാക്‌സിനുകള്‍ സ്വീകരിക്കാമെന്ന പഠനങ്ങള്‍ ഈ ഉന്നതസമിതി അംഗീകരിക്കുകയാണെങ്കില്‍ പ്രതിരോധകുത്തിവയ്പ്പ് രംഗത്ത് വന്‍ മാറ്റം സംഭവിക്കും.