കൊറോണ: രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര നിർദേശം, വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് സാഹചര്യമൊരുക്കണമെന്ന് ആരോഗ്യവകുപ്പ്

അഭിറാം മനോഹർ

ചൊവ്വ, 17 മാര്‍ച്ച് 2020 (08:51 IST)
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി,യു.കെ. എന്നിവിടങ്ങളില്‍ നിന്നും വരുന്നവർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി.മാർച്ച് 18 മുതൽ 31 വരെയാണ് വിലക്കുള്ളത്.
 
കൊറോണയെ തുടർന്ന് ഇതുവരെ രാജ്യത്ത് രണ്ട് ജീവനുകൾ നഷ്ടമായെന്നാണ് കണക്കുകൾ. കര്‍ണാടക സ്വദേശിയും ഡല്‍ഹി സ്വദേശിനിയുമാണ് മരിച്ചത്.ഇതിന് പുറമെ മഹാരാഷ്ട്രയിലും കേരളത്തിലും രോഗബാധിതരുടെ ഏണ്ണം ഉയരുകയാണ്.ഒഡീഷ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കര്‍ശന നടപടികള്‍.
 
അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശമുണ്ട്. കൂടാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാർക്ക്  വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികൾ ഒരുക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍