രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 324 ആയി, ആഗോള മരണസംഖ്യ 13,050

Webdunia
ഞായര്‍, 22 മാര്‍ച്ച് 2020 (11:25 IST)
ഡല്‍ഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് 19 വ്യാപിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബധിതരുടെ എണ്ണം 324 ആയി ഉയർന്നു(ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ). മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 
രാജ്യത്ത് കോവിഡ് 19 ഇതേവരെ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടില്ല എന്നാണ് ഐസിഎംആറിന്റെ നിഗമനം. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സാമൂഹ്യ വ്യാപനം ഉണ്ടായോ എന്ന തരത്തിലുള്ള ആശങ്കയും ഉണ്ട്. കോറോണ ബാധിത രാജ്യങ്ങളിൽ പോവുകയോ, രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലാത്ത ഓരോരുത്തർക്ക് ഇരു സംസ്ഥാനങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് എവിടെനിന്നുമാണ് രോഗബാധയുണ്ടായത് എന്ന് കണ്ടെത്താൻ ഇതേവരെ സാധിച്ചിട്ടില്ല.  
 
അതേസമയം, കൊറോണ ബാധിച്ച്‌ ലോകത്ത് മരിച്ചവരുടെ എണ്ണം 13000കടന്നു. 3,06,892 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയാണ്. 24 മണിക്കൂറിനുള്ളില്‍ 793 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച്‌ ഇറ്റലിയിൽ മാത്രം മരിച്ചവരുടെ എണ്ണം 4825 ആയി. അമേരിക്കയില്‍ 300പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article