ജനം നട്ടം തിരിയുന്നു; പെട്രോളിന് പിന്നാലെ പാചക വാതകത്തിന്റെ വിലയും വര്‍ദ്ധിപ്പിച്ചു
വ്യാഴം, 1 ഡിസംബര്‍ 2016 (17:32 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ താറുമാറായ ജന ജീവിതത്തെ വെട്ടിലാക്കി കൊണ്ട് രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സിലണ്ടറിന് 2.07 രൂപയാണ് കൂട്ടിയിരിക്കുന്നത്. ആറു മാസത്തിനിടെ ആറാം തവണയാണ് പാചകവാതക വില എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചത്.
നവംബർ ഒന്നിന് വിലയിൽ 2.05 രൂപ വർദ്ധിപ്പിച്ചിരുന്നു. അതിന് മുമ്പ് ഒക്ടോബർ 28ന് 1.5 രൂപയും വർദ്ധിപ്പിച്ചു. അതേസമയം, സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയിൽ 94 രൂപയുടെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്.
ഇന്നുമുതൽ മണ്ണെണ്ണയുടെ വില 25 പൈസ വർദ്ധിക്കും. കഴിഞ്ഞ ദിവസം പെട്രോൾ വിലയിലും നേരിയ വർധന വരുത്തിയിരുന്നു. പെട്രോൾ ലിറ്ററിന് 13 പൈസയായിരുന്നു കൂട്ടിയത്. അതേസമയം ഡീസൽ വില ലിറ്ററിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, വ്യോമയാന ഇന്ധനത്തിന്റെ വിലയിൽ 3.7 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ കിലോലിറ്ററിന് 48,379 രൂപയാണ് ഡൽഹിയിൽ വ്യോമ ഇന്ധനത്തിന്റെ വില.