പാര്‍ലമെന്റിലെ ആദ്യ ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേയും ചര്‍ച്ചയുമൊന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിഞ്ഞില്ല, കാരണം നല്ല ഉറക്കത്തിലായിരുന്നു കക്ഷി. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെ സുപ്രധാന ചര്‍ച്ചയ്‌ക്കിടെ ഉറങ്ങിയത് കോണ്‍ഗ്രസിന് വലിയ നാണക്കേടായി. കാസര്‍ഗോഡ് എംപിയായ പി കരുണാകരന്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഉറക്കം തുടങ്ങിയത്.
എന്നാല്‍ പാര്‍ലമെന്റില്‍ ഇരുന്ന് ഉറങ്ങുന്നത് സാധാരണയാണെന്നാണ് കോണ്‍ഗ്രസിന്റെ ന്യായീകരണം. ഇത്തരം കാര്യങ്ങള്‍ സാധാരണയാണെന്നും ഇതൊക്കെ റിപ്പോര്‍ട്ടു ചെയ്യുന്നത് തരംതാണ പ്രവൃത്തിയാണെന്നും കാണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. അതേസമയം കഴിഞ്ഞ പത്തു വര്‍ഷവും കോണ്‍ഗ്രസ് ചെയ്‌തത് ഇതുതന്നെയാണെന്ന് ബിജെപി പരിഹസിച്ചു
മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഗൗരവമായ ചര്‍ച്ചയാണ് ഇന്നലെ പാര്‍ലമെന്റില്‍ നടന്നത്. സാമ്പത്തിക സര്‍വ്വേ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ സുപ്രധാന വിഷയങ്ങളില്‍ അംഗങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും വാഗ്വാദങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു.