മോഡി പങ്കെടുത്ത ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവിന് നാവു പിഴച്ചു; സ്വാഗതം ചെയ്തത് ‘പ്രധാനമന്ത്രി അടല്‍ജിയെ’

വെള്ളി, 17 ജൂലൈ 2015 (17:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണെങ്കിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പയി ആണ്. മോഡിയെ അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണോ അതോ അടല്‍ജിയോടുള്ള അളവറ്റ ആരാധനയാണോ ഇതിനു പിന്നിലെന്നാണ് ഇനി അറിയേണ്ടത്. ഏതായാലും പ്രധാനമന്ത്രി സംബന്ധിച്ച ചടങ്ങില്‍ അദ്ദേഹത്തെയും നാണംകെടുത്തുന്ന രീതിയിലുള്ള നാക്കുപിഴ ഉണ്ടായത് കോണ്‍ഗ്രസ് നേതാവിനായിരുന്നു.
 
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ കരണ്‍ സിംഗിനാണ് നാവു പിഴച്ചത്. ഒരു തവണയല്ല, രണ്ടു തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അദ്ദേഹം ‘പ്രധാനമന്ത്രി അടല്‍ജി’ എന്ന് അഭിസംബോധന ചെയ്തത്. ജമ്മുവില്‍ ഗിര്‍ധാരി ലാല്‍ ദോഗ്ര ശതാബ്‌ദി ആഘോഷങ്ങള്‍ക്കിടയിലായിരുന്നു സംഭവം.
 
പ്രധാനമന്ത്രി അടല്‍ജിയെ സ്വാഗതം ചെയ്യുന്നെന്നായിരുന്നു കരണിന്റെ പ്രസംഗം. കോണ്‍ഗ്രസ് നേതാവ് ദോഗ്രയുടെ ശതാബ്‌ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കൊപ്പം ആയിരുന്നു പ്രധാനമന്ത്രി മോഡി എത്തിയത്.
 
ചടങ്ങില്‍ ജമ്മു കാശ്‌മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോഹ്‌റ, മുഖ്യമന്ത്രി മുഫ്‌തി സയീദ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക