കല്‍ക്കരിക്ഷാമം മൂലം രാജ്യത്തേ താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. താപനിലയങ്ങളില്‍ കല്‍ക്കരിശേഖരം ആവശ്യമായതിലുമധികം കുറവാണുള്ളതെന്നാണ് സൂചന. പകുതി നിലയങ്ങളിലും ഒരാഴ്‌ച വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പോലും ആവശ്യമായ കര്‍ക്കരിശേഖരമില്ല.
ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യം കടുത്ത ഉര്‍ജ്ജ ക്ഷാമത്തിലേക്കായിരിക്കും പോവുക. കല്‍ക്കരി ക്ഷാമം തുടര്‍ന്നാല്‍ രാജ്യം ഇരുട്ടിലാകും. രാജ്യത്തിനാവശ്യമുള്ള വൈദ്യുതിയുടെ പകുതിയിലേറെയും കല്‍ക്കരി നിലങ്ങളുടെ സംഭാവനയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന എന്‍ടിപിസിയുടെ എട്ടു വലിയ നിലയങ്ങളില്‍ ക്ഷാമം രൂക്ഷമാണ്.
1,42,647 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യമാണുള്ളത് രാജ്യത്ത് ഉള്ളത്. എന്നാല്‍, 1,37,352 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളു. അതായത് നിലവില്‍ 5,295 മെഗാവാട്ടിന്റെ കുറവാണ് രാജ്യം നേരിടുന്നത്. അതിന്റെ കൂടെ കല്‍ക്കരി ക്ഷാമം കൂടി രൂക്ഷമായതോടെ പ്രതിസന്ധി നിയന്ത്രണാതീതമാകും.
മണ്‍സൂണ്‍ കുത്തനെ കുറഞ്ഞതിനാല്‍ ജലവൈദ്യുതി നിലയങ്ങളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതും പ്രതിസ്ന്ധിയുടെ ആക്കം കൂട്ടുന്നു. എത്രയും പെട്ടെന്നു നിലയങ്ങള്‍ക്കു കല്‍ക്കരി ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നു കേന്ദ്ര ഊര്‍ജ മന്ത്രാലയത്തോട് എന്‍ടിപിസി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കല്‍ക്കരിയുടെ ആവശ്യം 787 ദശലക്ഷം ടണ്ണായി വര്‍ധിച്ചിട്ടും കോള്‍ ഇന്ത്യക്ക് ആവശ്യാനുസരണം വേഗത്തില്‍ കല്‍ക്കരി ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതാണ് ഈ സ്‌ഥിതിക്കു കാരണം. പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.