ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ ഐഎന്‍എസ് തേജിനെ വിന്യസിച്ചു

Webdunia
തിങ്കള്‍, 13 ജൂലൈ 2015 (13:56 IST)
ചൈനീസ് മുങ്ങിക്കപ്പലിന്റെ സാന്നിധ്യം റിപ്പോര്‍ട്ട്‌ചെയ്ത ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഇന്ത്യന്‍ നാവികസേന പടക്കപ്പല്‍ വിന്യസിച്ചു. സമുദ്രത്തിലെ ദ്വീപ രാഷ്ട്രമായ മൌറീഷ്യയുടെ തീരങ്ങളിലാകും പടക്കപ്പല്‍ സ്ഥാനമുറപ്പിക്കുക. മിസൈല്‍ ആക്രമണസജ്ജീകരണങ്ങളുള്ള ഐഎന്‍എസ് തേജ് എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്ത് വിന്യസിച്ചത്.

ജൂലായ് 13മുതല്‍ 17വരെയും 23മുതല്‍ 26വരെയും മൗറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട് ലൂയിസിലായിരിക്കും ഐഎന്‍എസ് തേജ്. ഈസമയത്ത് മൗറീഷ്യന്‍ ദേശീയ തീരരക്ഷാസേനയുടെ കപ്പലുകളുമായിച്ചേര്‍ന്ന് സമുദ്രത്തില്‍ പട്രോളിങ് നടത്തും. ഇന്ത്യയിലും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലുമുള്ള സാമ്പത്തിക, സാമൂഹിക വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്താനുള്ള അന്തരീക്ഷമൊരുക്കുകയാണുദ്ദേശ്യമെന്ന് നാവികസേന പ്രസ്താവനയിലറിയിച്ചു.