ചൈനയുടെ പട്ടുപാതക്ക് ഇന്ത്യയുടെ ‘ചെക്‘!

Webdunia
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:36 IST)
ചൈനീസ് സ്വാധീനം ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക് വ്യാപിക്കുന്നത് നിസ്സഹായകമായി കണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ വിദേശ നയമായിരുന്നു രാജ്യം ഇതുവരെയും ദര്‍ശിച്ചിരുന്നത്. എന്നാല്‍ ചൈന മനസില്‍ കാണുന്നത് ഇന്ത്യ മാനത്ത് കാണും എന്ന് തെളിയിച്ചുകൊണ്ട് ചൈനയുടെ സമുദ്ര വാണിജ്യപാതയായ മാരിടൈം സില്‍ക്ക് റൂട്ടിന് ബദലായി ഇന്ത്യ പ്രൊജക്റ്റ് മൌസം പദ്ധതി വിഭാവനം ചെയ്യുന്നു.

പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടതായാണ് വിവരം. ഇന്ത്യ അടുത്തകാലത്തായി സ്വീകരിച്ചതിലേറ്റവും ശക്തമായ വിദേശ നയമാണ് ഇതെന്നാണ് വിലയിരുത്തല്‍. ചൈനീസ് പ്രസിഡന്റ് ക്സി ജിന്‍പിങ് ബുധനാഴ്ച ഇന്ത്യയില്‍ എത്താനിരിക്കെ നരേന്ദ്ര മോഡി സര്‍ക്കാ‍ര്‍ നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടത് അയല്‍ക്കാരനുള്ള വ്യക്തമായ സന്ദേശമാണ്.

പൗരാണിക കപ്പല്പാതകള്‍ നവീകരിച്ച് മേഖലയിലെ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാംസ്കാരിക ബന്ധങ്ങള്‍ വിളക്കിയെടുക്കാനുള്ള
പദ്ധതിയാണ് "പ്രോജക്റ്റ് മൗസം ( Project Mausam: Maritime Routes and Cultural Landscapes Across the Indian Ocean)‘’ ഇന്ത്യന്‍ മഹാസമുദ്രതീരത്തെ രാജ്യങ്ങളേയും സമൂഹങ്ങളെയും സാംസ്കാരികമായി കൂട്ടിയിണക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്ന കാലവര്‍ഷക്കാറ്റിന്റെ സ്വാഭാവിക ആനൂകൂല്യം ഉപയോഗപ്പെടുത്തിയിരുന്ന പാതയാണ് പുതിയ പദ്ധതിയിലൂടെ പുനരുജ്ജീവിപ്പിക്കുന്നത്.

കിഴക്കന്‍ ആഫ്രിക്ക, അറേബ്യന്‍ തുരുത്തുകള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ശ്രീലങ്ക, ദക്ഷിണപൂര്‍വ്വേഷ്യന്‍ ദ്വീപരാഷ്ട്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ബൃഹത്തായ സമുദ്രമേഖലകളെ കൂട്ടായി പരിഗണിക്കുന്ന പദ്ധതിയാണ് പ്രോജക്റ്റ് മൗസം. സാംസ്കാരിക ബന്ധങ്ങള്‍ക്ക് പുറമേ മേഖലയില്‍ തന്ത്രപരമായ സ്വാധീനം വളര്‍ത്താനും സ്മുദ്രമേഖലയില്‍ ഇന്ത്യന്‍ സ്വാധീനം വര്‍ധിപ്പിക്കാനുമാണ് മോഡി സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഏദന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ കപ്പല്പാതകളിലും ഇന്ത്യന്‍ നാവികസേന ആന്റി പൈറസി ഓപ്പറേഷനുകള്‍ 2008ല്‍ തന്നെ തുടങ്ങിയിരുന്നു. 2011 ഒക്ടോബര്‍ മുതല്‍ തന്നെ മാലിദ്വീപുകളും ശ്രീലങ്കയുമൊത്ത് സമുദ്രാപാത സുരക്ഷയ്ക്കായി ഇന്ത്യ ത്രിരാഷ്ട്ര കരാറില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. ഇവയുടെ സ്വാഭാവിക വികാസമാണ് പ്രോജക്റ്റ് മൗസം എന്ന പദ്ധതി.

ചൈനയുടെ സില്‍ക്ക്റൂട്ട് സമുദ്രവാണിജ്യപദ്ധതിയിലേക്ക് ക്ഷണം ലഭിച്ച രാഷ്ട്രങ്ങളില്‍ ഇന്ത്യയും പെടും. എന്നാല്‍ ഈ പദ്ധതിയില്‍ ശ്രീലങ്കയും മാലിദ്വീപുകളും കാട്ടിയ താത്പര്യം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും തുറമുഖങ്ങള്‍ നിര്‍മ്മിക്കാനുള്ള ചൈനയുടെ പദ്ധതിയും ഈ വ്യാപാര പാതയുടെ ഭാഗമാണ്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം കൂടുന്നതിന് പുറമേ ഈ തുറമുഖങ്ങളില്‍ ചൈനയ്ക്ക് നിയന്ത്രണം ലഭിക്കുന്നതും ഇന്ത്യക്ക് ഭീഷണിയാണ്.

ഇത് മുന്‍‌കൂട്ടി കണ്ടുകൊണ്ടാണ് സമുദ്രസുരക്ഷ ഉറപ്പാക്കാന്‍ സംയുക്ത നാവികാഭ്യാസങ്ങളില്‍ ഏര്‍പ്പെടാനും നാവികപാരസ്പര്യം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് പട്രോളിങ് ബോട്ടുകള്‍ വാങ്ങുന്നതിന് 100 മില്യന്‍ ഡോളറിന്റെ സഹായ വായ്പ വിയറ്റ്നാമിനു നല്‍കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തത്. കൂടതെ ദക്ഷിണ ചൈനാക്കടലില്‍ ഇന്ത്യക്ക് അനായാസം പ്രവേശിക്കാനും സാധിക്കും.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.