ചൈനയുടെ ഭീഷണിയെ ചെറുക്കാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യാസം ആരംഭിച്ചു.ഇന്ത്യയുടെ വ്യോമപരിധിയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും കടന്നുവരുന്നത് തടയുന്നതിനുവേണ്ടിയാണ് നടപടി.
ആകാശിന്‍റെ ആറു സ്ക്വാഡ്രനുകള്‍ വടക്ക് കിഴക്കന്‍ അതിര്‍ത്തി മേഖലകളില്‍ വിന്യസിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ പ്രതിരോധകാര്യ സമിതി വ്യോമസേനയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഭൂതല വ്യോമ മിസൈലായ ആകാശ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ഭൂതലവ്യോമ മിസൈലാണ്.ആകാശിന് ഏതു കാലാവസ്ഥയിലും 25 കിലോമീറ്റര്‍ വരെ അകലെയുള്ള ഏതു ലക്ഷ്യത്തെയും പ്രതിരോധിക്കാനോ നശിപ്പിക്കാനോ സാധിക്കും.
നേരത്തെ ടിബറ്റ് സ്വയംഭരണ മേഖലയില്‍ ചൈന 21 പോര്‍വിമാന സ്ക്വാഡ്രനുകള്‍ വിന്യസിച്ചിരുന്നു. ഇതിന് പുറമേ ഈ മേഖലയില്‍ എട്ട് വിമാനത്താവളങ്ങളും ആരംഭിച്ചതായും റോഡ്, റെയ്ല്‍ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ആകാശിന് പുറമേ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. തേസ്പുരിലും ചാബുവയിലുമാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.