മൂന്ന് സംസ്ഥാനങ്ങളിലായി പതിനായിരം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമുള്ള ചെട്ടിനാട് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കമ്പനിയുടെ ചെയർമാൻ എംഎഎം രാമസ്വാമി, താൻ ദത്തെടുത്ത മകനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. തമിഴ്നാട്ടിലെ 37 ഇടങ്ങളിലും ആന്ധ്രാപ്രദേശിലെ രണ്ടിടത്തും മുംബയിലെ ചിലയിടങ്ങളിലുമാണ് റെയ്ഡ് നടന്നത്.
തന്റെ കാലശേഷം സ്വത്തുക്കളെല്ലാം പുതിയതായി രൂപീകരിച്ച ഡോ എംഎഎം രാമസ്വാമി ചെട്ടിയാർ ചാരിറ്റബിൾ ട്രസ്റ്റിനും ഡോ എംഎഎം രാമസ്വാമി ചെട്ടിയാർ ട്രസ്റ്റിനും ആയിരിക്കുമെന്ന് ചൊവ്വാഴ്ച അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് അദേഹം ദത്തുപുത്രനെ തള്ളിപ്പറഞ്ഞത്. തൊട്ടുപിന്നാലെ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയായിരുന്നു.
എൺപത്തിനാലു വയസുള്ള മുൻ രാജ്യസഭാംഗം കൂടിയായ രാമസ്വാമിയുടെ ബിസിനസ് സാമ്രാജ്യം സിമന്റ്, വിദ്യാഭ്യാസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലായി വ്യാപിച്ച് കിടക്കുകയാണ്. 1996ലാണ് എംഎഎംആർ മുത്തയ്യയെ രാമസ്വാമി ദത്തെടുത്തത്. എന്നാല്‍ ഇപ്പോള്‍ തന്റെ മരണാന്തര കർമങ്ങൾ ചെയ്യാൻ പോലും മുത്തയ്യയെ അനുവദിക്കില്ലെന്നാണ് രാമസ്വാമി പറയുന്നത്.