തീരദേശ സേനയുടെ കാണാതായ വിമാനത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു

Webdunia
ശനി, 13 ജൂണ്‍ 2015 (16:33 IST)
നിരീക്ഷണ പറക്കലിനിടെ കാണാതായ തീരദേശ സേനയുടെ വിമാനത്തില്‍ നിന്ന് സിഗ്‌നലുകള്‍ ലഭിച്ചു. നാവിക സേനാകപ്പലായ ഐ എന്‍ എസ് സന്ധ്യക്കിനാണ് ബീക്കണ്‍ സിഗ്നലുകള്‍ ലഭിച്ചത്. 
 
ദക്ഷിണ പുതുച്ചേരിയില്‍ പോര്‍ട്ട് നോവോക്കും കാരക്കലിനും ഇടക്കാണ് കാണാതായ ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ് സിജി 791 വിമാനത്തിന്റെ സിഗ്നലുകള്‍ ലഭിച്ചത്.
 
തിങ്കളാഴ്ച വൈകുന്നേരം സമുദ്രനിരീക്ഷണത്തിനായി ചെന്നൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ ആകെ മൂന്നു പേര്‍ ആയിരുന്നു ഉണ്ടായിരുന്നത്. പൈലറ്റ് വിദ്യാസാഗര്‍, സഹപൈലറ്റ് എം കെ സോണി, സമുദ്ര നിരീക്ഷകന്‍ സുഭാഷ് സുരേഷ് എന്നിവരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
 
ചെന്നൈയിലെ ആസ്ഥാന കേന്ദ്രത്തിന് തിങ്കളാഴ്ച രാത്രി ഒമ്പതിനു ശേഷം ഈ വിമാനത്തില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല. ചിദംബരം തീരത്തിന്റെ കിഴക്കുഭാഗത്തു നിന്ന് 16 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലും 9000 അടി ഉയരത്തിലും പറക്കുമ്പോഴാണ് വിമാനം കാണാതായതെന്നാണ് ഔദ്യോഗിക വിശദീകരണം.