ഇവിടെ എല്ലാം സിനിമാ സ്‌റ്റൈലില്‍; കോടികളുടെ ഇടപാടില്‍ രജനികാന്തിന്റെ ഭാര്യയ്‌ക്കും പിടിച്ചു നില്‍ക്കാനായില്ല - സ്‌കൂള്‍ പൂട്ടി

Webdunia
ബുധന്‍, 16 ഓഗസ്റ്റ് 2017 (18:42 IST)
സൂപ്പര്‍സ്‌റ്റാര്‍ രജനീകാന്തിന്റെ ഭാര്യ ലതയുടെ മേല്‍‌നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌കൂള്‍ കെട്ടിടം വാടക നല്‍കാത്തതിനെ തുടര്‍ന്ന് ഉടമ പൂട്ടി. ഗിണ്ടിയിലെ ആശ്രം മെട്രിക്കുലേഷന്‍ സ്‌കൂള്‍ കെട്ടിടമാണ് വാടക നല്‍കാത്തതിനേത്തുടര്‍ന്ന് ചൊവ്വാഴ്‌ച രാത്രി പൂട്ടിയത്.

വലിയ തോതില്‍ വാടക കുടിശിക വന്നതോടെ 2013ല്‍ കെട്ടിടം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിരുന്നതായി കെട്ടിടത്തിന്റെ  ഉടമ വെങ്കടേശ്വരലു പറഞ്ഞു. സ്‌കൂള്‍ നടത്തുന്നതിനായി 2002ലാണ് കെട്ടിടം നല്‍കിയത്. തുടര്‍ന്ന് 10കോടിയോളം രൂപ കുടിശിക വന്നതോടെ തനിക്ക് കോടതിയില്‍ പോകേണ്ടിവന്നു. എന്നാല്‍, രണ്ടു കോടി രൂപ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ തന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കോടിരൂപ തന്നശേഷം ബാക്കി പണം തരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ചര്‍ച്ചയ്‌ക്ക് വിളിക്കുകയോ പോലും ചെയ്‌തില്ല. വലിയ തുക നികുതിയിനത്തില്‍ നല്‍കേണ്ടതുള്ളപ്പോഴാണ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഇങ്ങനെ പെരുമാറിയതെന്നും വെങ്കടേശ്വരലു വ്യക്തമാക്കി.

അതേസമയം, പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിശ്വസിക്കരുതെന്നും കാണിച്ചുകൊണ്ട് സ്‌കൂള്‍ മാനേജ്മെന്റ് പത്രക്കുറിച്ച് പുറത്തിറക്കി. 300ലധികം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഇന്ന് സ്‌കൂള്‍ തുറക്കാന്‍ സാധിക്കാത്തതു മൂലം കുട്ടികളെ വേലച്ചേരിക്കു സമീപത്തെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റി.
Next Article