ജി സാറ്റ് 6 വിക്ഷേപിച്ചു

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (17:07 IST)
ഐ എസ് ആര്‍ ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജി എസ് എല്‍ വി - ഡി 6 റോക്കറ്റ് വിക്ഷേപിച്ചു. വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് - 6നെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
 
ജിസാറ്റ് ശ്രേണിയിലെ 12-മത്തേതും ഇന്ത്യന്‍ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളില്‍ 25മത്തേതുമാണ് ജിസാറ്റ്-6. അഞ്ച് എസ്-ബാന്‍ഡും ഒരു സി-ബാന്‍ഡുമാണു ജിസാറ്റില്‍ നിന്നു ലഭിക്കുക. ഒമ്പതു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ആറുമീറ്റര്‍ വ്യാസമുള്ള എസ്-ബാന്‍ഡ് ആന്റിന ഈ ഉപഗ്രഹത്തിലുണ്ട്.
 
ദൗത്യം വിജയമായാല്‍ ഭാരമേറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതില്‍ ഐഎസ്ആര്‍ഒ മുന്‍നിരയിലെത്തും. രണ്ട് ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ശക്തിയേറിയ വിക്ഷേപണവാഹനമാണ് ക്രയോജനിക് സാങ്കേതിക വിദ്യയിലുള്ള ജിഎസ്എല്‍വി. തദ്ദേശീയമായ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ആദ്യ ജിഎസ്എല്‍വി വിക്ഷേപണം.