ചെങ്കല്‍പേട്ടില്‍ വാഹനാപകടം: 6 മരണം

Webdunia
ശനി, 9 ജൂലൈ 2022 (17:08 IST)
ഇന്ന് രാവിലെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. ചെന്നൈ - തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ ചെങ്കല്‍പ്പെട്ട് ജില്ലയിലെ അച്ചരപ്പാക്കത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്.
 
മുപ്പതോളം യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്ക് പോയ തമിഴ്നാട് സര്‍ക്കാര്‍ വക ബസ്  ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ രണ്ടു സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ചികിത്സയില്‍ ഇരിക്കേയുമാണ് മരിച്ചത്.
 
ബസ് യാത്രക്കാരായ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ചെങ്കല്‍പട്ട്, മധുരാന്തകം എന്നീ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്നേ പോയ ബസ്സിനെ  മറികടക്കുന്നതിനു ശ്രമിക്കവേ ഇടതുവശത്തു പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
 
ലോറിയില്‍ ഉണ്ടായിരുന്ന കമ്പികള്‍ തട്ടി ബസിന്റെ ഇടതുവശം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദേശീയ പാതയില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article